തമാശ സിനിമയെപ്പറ്റി എനിക്ക് കുറിയ്ക്കാതെ വയ്യ. ബോഡിഷേമിങ്ങിന്റെ എന്തൊക്കെ അപാര വേർഷനുകൾ ആണ്. കുറിച്ചിട്ടാലും ‘അയ്യേ ഇതൊക്കെ ബോഡിഷേമിങ്ങാണോ’ എന്ന് നിഷ്കളങ്കമായ ചോദ്യം വരും. കാരണം ഉപയോഗിക്കുന്ന വാക്കുകളൊന്നും തീരെ നാണക്കേടുണ്ടാക്കേണ്ടവയല്ല. പക്ഷെ എല്ലാത്തിനൊപ്പവും prefix ആയി ഒരു അയ്യേ ഉണ്ടായിരിക്കുകയും ചെയ്യും.
കുട്ടിക്കാലം തൊട്ടിങ്ങോട്ട്, കുഞ്ഞുകുട്ടി മുതൽ മൃതപ്രായർ വരെ അയ്യേ കറുത്തവൾ എന്ന് മനോഹരമായി ജനറേഷൻ ഗ്യാപ്പിന്റെ ഭാരമില്ലാതെ വിളിച്ചത് ഓർമിക്കാറുണ്ട്. കറുത്തതിൽ എന്താണ് നാണിക്കാനുള്ളത്.. ! പക്ഷെ അയ്യേ കൂടി ചേരുമ്പോൾ എന്തോ അലുവയും മത്തിക്കറിയും പോലെ.
പണ്ടൊരിക്കൽ ഒരു ബന്ധുവിനൊപ്പം കല്യാണം കൂടി കഴിഞ്ഞ്, വരമ്പത്ത് കൂടി സ്റ്റൈലായി നടന്നു വരുമ്പോൾ, ‘ആഹാ മോളാണോ എന്ന ചോദ്യത്തിന്, അയ്യേ അല്ല എന്റെ മോൾ വെളുത്തതാണെന്ന് ‘ പറഞ്ഞ ടീമുകൾ വരെ ഉണ്ട്. ഇവർക്കു ചുരുണ്ട മുടിയും കറുത്ത നിറവും അഡാറു കോമ്പിനേഷനാണ്. പിന്നെ ബോഡി ഷെയ്മിങ്ങിന്റെ ചാകരയാണ്.
പിന്നങ്ങനെ എന്തെല്ലാം എന്തെല്ലാം.. സത്യം പറഞ്ഞാൽ ഈ അയ്യേ ചേർക്കാതെ പറഞ്ഞിരുന്നെങ്കിൽ ഓരോ പൊൻതൂവൽ തലയിൽ വെക്കുന്നതിന്റെ ഒരു കിടിലൻ സുഖമുണ്ടായേനെ. കുറത്തിയെപ്പോലുണ്ട്, ആൾജാതിക്കാരെപ്പോലുണ്ട്, എന്നൊക്കെ ഇച്ചിരി പ്രായമുള്ളോര് ഒരു അയ്യേ കൂടി ചേർത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. അതിലെ ജാതിപുച്ഛം കാണാതിരിക്കാനാവില്ല. പ്രത്യേകിച്ചും ജാതിയില്ലാക്കേരളത്തിൽ… !
ബീച്ചിൽ നിന്ന് അയ്യേ നീഗ്രോ ചേച്ചി എന്ന് കുട്ടികൾ കൂകി വിളിച്ചിട്ടുണ്ട് (അവിടെയും അയ്യേ ഉണ്ട് ).അയ്യേ ഒഴിച്ച് നിർത്തിയാൽ ഇതിനേക്കാൾ അഭിമാനമുള്ള മറ്റൊരു ലുക്കും പെണ്ണുങ്ങൾക്ക് കിട്ടാനില്ല മനുഷ്യരെ. പിന്നെ, അയ്യേ നൈജീരിയക്കാരി , അയ്യേ ആഫ്രിക്കക്കാരി, എല്ലായിടത്തും പുട്ടിനു പീരയെന്നോണം അയ്യേ ഉണ്ട്.
ആഫ്രിക്കൻ പെണ്ണുങ്ങളുടെ glowing skin കൂടി കിട്ടിയിരുന്നെങ്കിലെന്ന് കിനാവ് കാണുന്ന എന്നെയൊക്കെ അയ്യേ കുയ്യേ എന്ന് പറഞ്ഞു സമയം കളയുന്ന മനുഷ്യരെയോർക്കുമ്പോഴാ… ഇനിയിപ്പോ glow ചെയ്തില്ലെങ്കിലെന്താ. വയറു കാണുന്ന സാരി ഉടുത്ത ഫോട്ടോ കണ്ട്, ഒരു സുഹൃത്തിനോട്, “ആ ചേച്ചി ട്രാൻസ്ജൻഡർ സ്ത്രീയാണോ” എന്ന് ചോദിച്ച മുൻധാരണക്കാരു പോലുമുള്ള നാടാണ്. Transgenders ശരീരം മടിയില്ലാതെ expose ചെയ്യുമത്രെ. വല്ലാത്ത തിയറി ആണ്. ദഹിക്കാൻ പാടാണ്.
ഈ ബോഡി features നെ ഇഷ്ടപ്പെടുന്നതും ആദരവോടെ പറയുന്നതുമായ സുഹൃത്തുക്കൾ ഉണ്ട്. Miss jamaica, miss south africa എന്നിടയ്ക്ക് വിളിക്കുന്ന സുഹൃത്തുണ്ട്. അതിനോളം സന്തോഷമുള്ള complement കേട്ടിട്ടേയില്ല. അത്രയ്ക്ക് ആസ്വദിക്കാറുണ്ട്. അത്രയ്ക്ക് ബഹുമാനം തോന്നാറുമുണ്ട്. കാരണം അവർക്ക് prefix ആയി ഈ അളിഞ്ഞ ‘അയ്യേ’ പ്രയോഗം തീരെ ഇല്ല.
പറഞ്ഞതിത്രേയുള്ളൂ, ‘തമാശ’ നല്ല സ്ട്രോങ്ങായ, കിടുവായ ഒരു മുഷ്ടിയാണ്, ഇത്തരക്കാരുടെ മോന്തയ്ക്ക് ഒന്നു കൊടുക്കാനുള്ള നല്ല ഒന്നാന്തരം മുഷ്ടി.
✍🏼 വിപിത