നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…
കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…
നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…
നീ ഒരു പെണ്ണല്ലേ…!
ചെറുപ്പം മുതൽ ഇവയിൽ ഒന്നെങ്കിലും കേൾക്കാതെ വളർന്നവർ നമ്മളിൽ വളരെ കുറച്ചുപേരെ കാണു. എത്ര തവണ നമ്മൾ ഇവ കേൾക്കുന്നു? ഒരു ആത്മപരിശോധന നടത്തേണ്ടിയിരുന്നു. ഓരോ സ്ത്രീയുടെയും ബാല്യം തൊട്ടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആ അഡ്ജസ്റ്റ്മെൻ്റിൽ നിന്ന് ഒരു മോചനം അത് ലഭിക്കണമെങ്കിൽ നമ്മൾ സ്വയം കരുതണം വളരെയധികം ലിംഗഭേദം കാണിക്കുന്ന ഒരു വാക്കാണ് ഈ ‘അഡ്ജസ്റ്റ്മെൻറ്’. പ്രായപൂർത്തിയായി കൗമാരത്തിലേക്ക് കയറുമ്പോഴാണ് അഡ്ജസ്റ്റ്മെൻറ് പട്ടിക സ്ത്രീകളുടെ ജീവിതത്തിലേക്ക് കൂടുതലായി അടിച്ചേൽപ്പിച്ചു തുടങ്ങുന്നത്.
വസ്ത്രധാരണം, ശബ്ദത്തിന്റെ സ്വരം, നമ്മൾ നടക്കുന്നതും ഇരിക്കുന്നതുമായ രീതികൾ, കാഴ്ച്ചപ്പാട് എന്നു വേണ്ട നമ്മടെ സ്വപ്നങ്ങൾപ്പോലും സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യണം. പുരുഷാധിപത്യ മാനദണ്ഡങ്ങൾക്കനുസൃതമായി ജീവിക്കാൻ സ്ത്രീകളെ പരിശീലിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമാണിത്. ഇതിൽ ഏറ്റവും ദു:ഖകരമായ കാര്യം ഇത് ചെയ്യുന്നത് പുരഷന്മാർ മാത്രമല്ല എന്നുള്ളതാണ് . അതിലേറെ സ്ത്രീകൾ തന്നെയാണ് . ഇത് പലപ്പോഴും തികച്ചും സാധാരണമായ രണ്ട് വാക്കുകളിൽ പൊതിഞ്ഞ് അവരങ്ങ് പറയും നീ ഒന്നു സഹിക്ക് … ‘Please Adjust’.
സ്ത്രീകൾ എപ്പോഴും എല്ലാത്തിലും അഡ്ജസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് എന്തുകൊണ്ടാണ്?
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ കുടുംബജീവിതത്തിനായി അവരുടെ കരിയർ മാറ്റിവെക്കുന്നു. ഒരു സ്ത്രീയുടെ കരിയർ പുരുഷന്മാരെപ്പോലെ പ്രധാനമല്ലേ?
എന്തുകൊണ്ടാണ് വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തിലെ കേന്ദ്രബിന്ദുവാകുന്നത്?
എന്തുകൊണ്ടാണ് പുരുഷന്മാർ ജോലി ഉപേക്ഷിച്ച് ഭാര്യക്ക് സ്ഥിരതാമസമുള്ള സ്ഥലത്തേക്ക് മാറും എന്ന് പ്രതീക്ഷിക്കാത്തത്?
സുരക്ഷയുടെ പേരും പറഞ്ഞ് അദൃശ്യമായ കൈകളാൽ സമൂഹം സ്ത്രീകളുടെ ജീവിതത്തെ എത്രക്കാലം ഇങ്ങനെ നിയന്ത്രിക്കും?
സമൂഹവുമായി പൊരുത്തപ്പെടാൻ എന്തുകൊണ്ടാണ് എപ്പോഴും സ്ത്രീകളോട് മാത്രം ആവശ്യപ്പെടുന്നത് ?
ഈ ഇനം ചോദ്യങ്ങൾ വായിക്കുമ്പോൾ നിങ്ങളിൽ പലരും ആദ്യം ചിന്തിക്കുന്നത് ഒരേ ഒരു കാര്യം മാത്രമാണ് ‘ഫെമിനിസം’ പോസ്റ്റ് , എന്നാൽ ആ ലേബലിൽ ഒതുക്കാവുന്ന ഒന്നല്ല ഇത്. മുകളിൽ പറഞ്ഞപോലെ പുരുഷൻമാർ കാരണം മാത്രം സംഭവിക്കുന്ന ഒന്നല്ല എന്നു മാത്രമല്ല അവരും ഒരുപാട് അഡ്ജസ്റ്റ്മെൻ്റുകൾ നടത്തുന്നുണ്ട്. എന്നിരുന്നാലും അഡ്ജസ്റ്റ്മെന്റിനു ഇരയാകുന്ന സ്ത്രീകളുടെ എണ്ണം താരതമ്യേന വളരെ കൂടുതലാണ്. ഞാനും നിങ്ങളും അടങ്ങുന്ന നമ്മുടെ ചിന്താഗതിയാണ് ഇതിനു കാരണം.
ഒന്നു മാറി ചിന്തിച്ചാൽ അതിനനുസരിച്ചു നമ്മൾ വളർത്തുന്ന വരും തലമുറയെ വാർത്തെടുത്താൽ വരുത്താം നമുക്ക് ഇതിൽ ഒരു മാറ്റം. പെൺമക്കളുടെ ജീവിതത്തിൽ അഡ്ജസ്റ്റ്മെൻറ് അടിച്ചേൽപ്പിക്കുന്നതിനു പകരം വളർന്നു വരുമ്പോഴെ ആൺമക്കളേയും പെൺമക്കളേയും ഒരമിച്ചു ഒരുപോലെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ ഏറെക്കുറെ മാറ്റം നമുക്ക് കാണാൻ സാധിക്കും. വിവാഹത്തിനു വേണ്ടി അഡ്ജസ്റ്റ് ചെയ്യാൻ പഠിപ്പിക്കുന്നതിനു പകരം വിദ്യാഭ്യാസത്തിനു വേണ്ടി മുന്നോട്ട് പോകാൻ ആവശ്യപ്പെടാം. നിങ്ങളുടെ പെൺമക്കൾക്കും അഡ്ജസ്റ്റ്മെന്റിനു പകരം അവസരങ്ങൾ നൽകു. അപ്പോൾ അവരും സമ്മാനിക്കും നിങ്ങൾക്ക് ഒരുപാട് അഭിമാന നിമിഷങ്ങൾ .
ഇത് എഴുതി തീർക്കുമ്പോൾ മനസ്സിൽ വരുന്നത് ഒരേ ഒരു ആഗ്രഹം മാത്രമേ ഉള്ളൂ ഈ ” അഡ്ജസ്റ്റ്മെന്റ് ” അനുഭവിക്കുന്ന അവസാന തലമുറ എന്റെത് ആയിരിക്കണമേ എന്ന് !
✍🏼 ലബിഷ ലത്തീഫ്
ചിത്രം : റോസ്