ജനൽക്കമ്പിമേൽ മൂക്കുറപ്പിച്ച്,
ഞാൻ മുരണ്ടു.
“എനിക്ക് കെട്ടണ്ട.”
“അവര് കാണാൻ വരും.
ഒരുങ്ങി നിക്കണം.”
കലത്തപ്പത്തിന്റെ മണമടിച്ച മൂക്കിൽ
എന്റെ മൂക്കുത്തി തിളങ്ങി.
“ചുരിദാറു മതി.
കുണ്ടി കാണിക്കുന്ന ജീൻസ്
വലിച്ച് കേറ്റി അവരെ ഓടിക്കരുത്.”
ഞാൻ അടുക്കളയിലേക്ക് നടന്ന്,
അച്ചാറ് പാത്രത്തിൽ കരണ്ടിയിട്ട്
ബീഫ് മൂന്ന് കഷ്ണം അകത്താക്കി.
മൂക്കുകയറിട്ട പോത്തിന്റെ മുഖമായിരുന്നു പിന്നെനിക്ക്.
“കെട്ടാനും പൂട്ടാനുമിട്ടമല്ലേൽ
ഞാൻ എഴുന്നെള്ളൂല.”
അമ്മച്ചി മോങ്ങാൻ തുടങ്ങി.
“എന്റെ കണ്ണടഞ്ഞാൽ പിന്നെ
നിന്നെയൊക്കെ കണ്ടവന്മാര്
കേറി നെരങ്ങും.”
ഞാൻ പതിയെ കണ്ണുകളടച്ചു നോക്കി.
ഒന്നുമുണ്ടായില്ല.
“കണ്ണടയ്ക്കുന്നോരെ കബറടക്കീട്ട്
ഞാൻ സുഖമായി പൊറുക്കും.”
അമ്മച്ചി കത്താൻ തുടങ്ങി.
ഞാൻ കലത്തപ്പത്തീന്ന് മുന്തിരിങ്ങ
പെറുക്കി തിന്നു.
അമ്മച്ചി ചായയും പലഹാരവുമൊരുക്കി.
അവര് വന്നപ്പോ കുണ്ടിയും കക്ഷവും
കാണിക്കുന്ന ഉടുപ്പിട്ട്
കാലുമ്മേൽ കാൽ വച്ച് ഞാനിരുന്നു.
ചായ തണുത്തിട്ടും അവര് കുടിച്ചേയില്ല.
കലത്തപ്പം മുഴുമനും ഞാൻ തിന്നു.
അമ്മച്ചി മാത്രം പിന്നെയും പെടച്ചോണ്ടിരുന്നു.
എഴുതിയത് : വിപിത