സ്ത്രീശാക്തീകരണം മുദ്രാവാക്യമായി മാറിയിരിക്കുന്ന ഇക്കാലത്ത്, പഴമയുടെ കെട്ടുകള്‍ പൊട്ടിക്കാന്‍, പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് അവരവരുടെ കുടുംബങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യതയും, അംഗീകാരവും എത്രമാത്രം അത്യാവശ്യമാണ് എന്ന് എടുത്തുകാട്ടുന്ന ഒരു സിനിമ…!
“ഗുന്ജന് സക്സേന: ദി കാര്‍ഗില്‍ ഗേള്‍”
തികച്ചും യഥാര്‍ത്ഥസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവചരിത്രസിനിമ. ഇന്ത്യന്‍ എയര്‍ഫോര്‍സില്‍ വനിതാപൈലറ്റ് ഓഫീസര്‍മാരുടെ ആദ്യ ബാച്ചിലുള്ള, കാര്‍ഗില്‍ യുദ്ധത്തിലെ വീരനായിക. നൂറു കണക്കിന് സോര്ടികള് പറന്ന്, വ്യോമാക്രമണങ്ങളില്‍ പങ്കെടുക്കുകയും, ശത്രുസ്ഥാനങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയും, 900ല്‍ പരം പരുക്കേറ്റവരും മരിച്ചവരുമായ ജവാന്മാരെയുമേന്തി നമ്മുടെ വ്യോമതാവളങ്ങളില്‍ തിരിച്ചെത്തി ചരിത്രം കുറിയ്ക്കുകയും ചെയ്ത ശൌര്യ ചക്ര ജേതാവ്—ഇപ്പോള്‍ 45 വയസ്സുള്ള വിരമിച്ച സ്സ്ക്വാഡ്രൺ ലീഡർ ഗുന്ജന് സക്സേനയുടെ ജീവിതകഥ.

കരന് ജോഹറിന്റെ ധര്‍മ പ്രോഡക്ഷന്‍സ് ബാനറില്‍ ശരണ്‍ ശര്‍മ സംവിധാനം നിര്‍വഹിച്ച് സീ സിനിമ നിര്‍മിച്ച ഈ ഫിലിം നെട്ഫ്ലിക്സ് ഓഗസ്റ്റ് 12ന് പുറത്തിറക്കി.
‘ഉയരെ’ സിനിമയിലെ പാര്‍വതിയുടെ കഥാപാത്രത്തെപ്പൊലെ വിമാനം പറപ്പിക്കുന്നത് സദാ സ്വപ്നം കാണുന്ന കൊച്ചു പെണ്‍കുട്ടി ഗുന്ജന്. അവളുടെ അഛ്ചന്‍ ലെഫ്. കേണല്‍ അശോക്കുമാര് സക്സേന മാത്രമാണ് അവള്‍ക്ക് ആ സ്വപ്നം കാണാന്‍ കൂട്ടിനുണ്ടായിരുന്നത്. ‘ഉയരെ’ യിലെ തന്നെ സിദ്ദിക്ക്ന്റെ അഛ്ചന്‍ കഥാപാത്രത്തെപ്പോലെ. കൊച്ചു പെണ്‍കുട്ടിയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്സ് ലെ ആദ്യ കോംബാറ്റ് പൈലറ്റ് എന്ന നിലയിലേക്കുള്ള ഗുന്ജന്റെ യാത്ര പലപ്പോഴും ഏകാന്തവും, കടുത്ത പുരുഷമേധാവിത്വ മനസ്ഥിതിയിൽ തകര്‍ന്നു പോയേക്കാവുന്നതുമായതും ആയിരുന്നു.
ഫ്ലൈറ്റ് ട്രെയിനിംഗിന് മേല്‍നോട്ടം വഹിക്കുന്ന ഒരേയൊരു സീനിയര്‍ ഓഫീസര്‍ ഒഴികെ മറ്റെല്ലാവരും കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടും,പീഡനങ്ങളോളം വരുന്ന ശല്യങ്ങളും തടസങ്ങളും ഉണ്ടാക്കിയിട്ടും, ആര്‍മി ഓഫീസര്‍ ആയ സ്വന്തം സഹോദരന് സ്നേഹബുദ്ധ്യാ, എന്നാല്‍ കടുത്ത ആണ്‍കോയ്മ ഉയര്‍ത്തുന്ന കരുതല്‍ ബോധം മൂലം, ഉടനീളം എതിര്‍ത്തിട്ടും സ്വന്തം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി തടസങ്ങള്‍ തട്ടിമാറ്റിയ ഗുന്ജന് ഒരു പക്ഷെ കാര്‍ഗില്‍ യുദ്ധം ഉണ്ടായില്ല എങ്കില്‍ സ്വന്തം കഴിവ് തെളിയിക്കാന്‍ ഉള്ള ഒരു അവസരം പോലും 1990കളിലെ ഇന്ത്യന്‍ എയര്‍ഫോര്‍സില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് വ്യക്തമാക്കി തരുന്നു ഈ സിനിമ.
പഞ്ചഗുസ്തി കൊണ്ട് ആണ്ശക്തി പെണ്ണിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഓഫീസറെ ശിക്ഷണനടപടിക്കു വിധേയനാക്കും എന്ന് പ്രതീക്ഷിക്കുന്ന പ്രേക്ഷകനില്‍, എല്ലാം വിട്ടുപെക്ഷിച്ച് ലീവ് ലെറ്റര്‍ എഴുതി എഴുത്ത് പെട്ടിയിലിട്ടു രാത്രിയില്‍ വീട്ടിലേക്കു വണ്ടികയറുന്ന ഗുന്ജന് വല്ലാത്ത മാനസിക വിക്ഷോഭം ഉണ്ടാക്കും.
പങ്കജ്ത്രിപാഠി എന്ന അഭിനേതാവിന്റെ അഛ്ന് കഥാപാത്രം ‘കലക്കി’ എന്ന് തന്നെ പറയണം. ആര്‍മി ഓഫീസര്‍ ആയ അദ്ദേഹം എയര്ഫോര്സ്പൈലറ്റ് സെലക്ഷന് കിട്ടി വരുന്ന മകളുടെ ‘ഞാന്‍ പറക്കാന്‍ വേണ്ടി മാത്രമാണ് എയര്‍ഫോര്‍സില്‍ ചേര്‍ന്നത്, അതുകൊണ്ട് എന്റെ ദേശസ്നേഹത്തില്‍ കുറവുണ്ടോ?’ എന്ന സംശയത്തിന്, “ഭാരത മാതാ കീ ജയ് വിളിച്ചുനടക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ ദേശസ്നേഹി ആകുന്നില്ല. പക്ഷെ സ്വന്തം കഴിവുകള്‍ ഏറ്റവും ഭംഗിയായി വികസിപ്പിച് രാഷ്ട്രസേവനത്തിനു സ്വയം സമര്‍പ്പിക്കുന്ന പ്രൊഫഷണലുകള്‍ ആണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍” എന്ന് വിളിച്ചുപറയുന്ന ആ അച്ഛൻ കഥാപാത്രം പുതുമുഖ സംവിധായകനായ ശരണ്‍ ശര്‍മയുടെ തൊപ്പിയിലെ പൊൻ തൂവലാണ്.
ഗ്വാഗ്വാവിളികളായി തരം താഴുന്ന അസംഖ്യം യുദ്ധസിനിമകള്‍ നിറയുന്ന മലയാളമടക്കമുള്ള ഇന്ത്യന്‍ സിനിമാരംഗത്ത് അതിനു നേര്‍വിപരീതമായി ഒരു ചെറുപ്പക്കാരന് യഥാര്‍ത്ഥ ദേശസ്നേഹം എന്താണെന്ന് കാണിച്ചുതരുന്ന ഒരു സിനിമ നമുക്കായി സമർപ്പിച്ചിരിക്കുന്നു.
Twitter/@karanjohar
✍🏼 അപർണ